ഇടുക്കി: വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലം റോഡിലേക്കൊഴുക്കുന്നതായി പരാതി. കുഞ്ചിത്തണ്ണി ടൗണിലെ ഷാപ്പിന് സമീപത്താണ് മലിന ജലം പൈപ്പുവഴി റോഡിലേക്കൊഴുക്കുന്നത്. ഇതിന്‍റെ സമീപ പ്രദേശങ്ങളിൽ വ്യാപകമായ മാലിന്യ നിക്ഷേപവും സജീവമാണ്. ഇടുക്കി ഹൈറേഞ്ചിലെ പ്രധാന ടൗണുകളില്‍ ഒന്നാണ് കുഞ്ചിത്തണ്ണി. ദിവസേന വിനോദ സഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളെത്തുന്ന ടൗണിന്‍റെ താഴ് ഭാഗത്താണ് വൻതോതിൽ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് ഹോട്ടലുകളില്‍ നിന്നും മലിന ജലം റോഡിലേക്ക് ഒഴുക്കുന്നത്. വലിയ ദുർഗന്ധമാണ് ഈ പ്രദേശത്ത് അനുഭപ്പെടുന്നത്. കാല്‍നട യാത്രക്കാരുടെ ദേഹത്ത് മലിന ജലം തെറിക്കുന്ന അവസ്ഥയാണ്. നിരവധി തവണ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നേരിട്ട് വിവരമറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വെള്ളത്തുവല്‍, പള്ളിവാസല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുഞ്ചിത്തണ്ണിയില്‍ വെള്ളത്തുവല്‍ പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശത്താണ് മാലിന്യ പ്രശനം രൂക്ഷമായിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറെ അടക്കം വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടകാര്‍.