ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ നിന്നും മലിനജലം ദേവിയാര്‍ പുഴയുടെ ഭാഗമായുള്ള കൈത്തോട്ടിലേക്ക് ഒഴുക്കുന്നതായി ആക്ഷേപം. പുറത്തേക്കൊഴുകുന്ന വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധമുയരുന്നതായി പ്രദേശവാസികള്‍ പരാതി ഉന്നയിക്കുന്നു. ആശുപത്രിയില്‍ നിന്നും പുറത്തേക്കൊഴുകുന്ന മലിനജലം സംസ്‌കരിക്കാന്‍ പ്ലാന്‍റ് സ്ഥാപിക്കണമെന്ന ആവശ്യവും സമീപവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.
വേനല്‍ ആരംഭിച്ചതോടെ കൈത്തോട്ടിലെ ഒഴുക്ക് നിലക്കുകയും ആശുപത്രിയില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം കെട്ടി കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വലിയ തോതിലുള്ള ദുര്‍ഗന്ധത്തിനൊപ്പം കൊതുകു പെരുകുന്നതിനും ഇത് ഇടവരുത്തുന്നു. ആശുപത്രിയില്‍ നിന്നും പുറത്തേക്കൊഴുകുന്ന മലിനജലം സംസ്‌ക്കരിക്കാന്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ആയിരക്കണക്കിനാളുകള്‍ ചികത്സ തേടിയെത്തുന്ന ആതുരാലയം തന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടവരുത്തും വിധം പ്രവര്‍ത്തിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തുന്നുണ്ട്. മലിനജലം കെട്ടികിടക്കുന്ന കൈത്തോടിന് സമീപമാണ് ആശുപത്രിയുടെ നിയന്ത്രണമുള്ള ബ്ലോക്ക് പഞ്ചായത്തോഫീസും കോടതിയും ട്രഷറിയും ഒരു സ്വകാര്യ ആശുപത്രിയും സ്ഥിതി ചെയ്യുന്നത്. കെട്ടികിടക്കുന്ന മലിനജലം ഒഴുക്കി കളയാന്‍ നടപടി കൈകൊള്ളുന്നതിനൊപ്പം വെള്ളം പുറത്തേക്കൊഴുക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകണമെന്നും സമീപവാസികളായ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.