ഇടുക്കി : രാജാക്കാട് പഞ്ചാത്തിലെ ഉള്‍ഗ്രാമപ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിച്ചാണ് വഴിയോരങ്ങളിലും കൃഷിയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത്. പഴയവിടുതി മേഖലയിലെ കൃഷിയിടങ്ങളിലും വഴിയോരങ്ങളിലുമാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വന്‍തോതിലാണ് ഇവിടെ കുന്നു കൂടുന്നത്. കൃഷിയിടത്തില്‍ ചില്ലു കുപ്പികളടക്കം വലിച്ചെറിയുന്നത് വലിയ പ്രതിസന്ധിയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിടത്തിലെ ജോലിക്കിടയില്‍ കാലില്‍ കുപ്പിച്ചില്ല് തറച്ച് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് ഇത്തരം മേഖലകളില്‍ പൊലീസ് രാത്രികാല പട്രോളിംഗ് ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.