ഇടുക്കി: തൊടുപുഴ നഗരസഭയിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്. യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണി കൂടി ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്‌തതോടെ പി.ജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴ നഗരസഭ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ് വിമതനായ സനീഷ് ജോർജ് ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്‌തു.
യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. കോൺഗ്രസ് വിമതന്‍റെ പിന്തുണ ഉറപ്പാക്കിയ യുഡിഎഫ് ആദ്യ ഒരു വർഷത്തെ നഗരസഭ ചെയർമാൻ സ്ഥാനം പി.ജെ. ജോസഫ് വിഭാഗത്തിന് നൽകാൻ ഇന്നലെ രാത്രി ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ തിരുമാനിച്ചിരുന്നു. എന്നാൽ പി.ജെ. ജോസഫിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് ചെയർമാൻ പദവി നൽകാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതെന്ന ആരോപണം ശക്തമാകുകയും ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വരുകയും ചെയ്‌തിരുന്നു.
മുസ്ലീം ലീഗ് പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ എൽഡിഎഫ് പാളയത്തിലെത്തിച്ചതോടെയാണ് എൽഡിഎഫ് തൊടുപുഴ പിടിച്ചത്. യുഡിഎഫിലെ പ്രശ്‌നങ്ങളാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിച്ചതെന്ന് ജെസ്സിയും എന്നാൽ കൂറുമാറ്റം നടത്തി ജെസ്സി ജോണി ജനങ്ങളെ വഞ്ചിച്ചെന്നു യുഡിഎഫും ആരോപിച്ചു.