ഇടുക്കി: വൈദ്യുതി മന്ത്രി എം. എം. മണി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍. നെടുങ്കണ്ടത്ത് എസ്എന്‍ഡിപി യൂണിയന്‍ മന്ദിരത്തിന്‍റെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജാക്കാട്ടില്‍ നടന്ന യോഗത്തിൽ എം. എം. മണിയെ കരിങ്കുരങ്ങെന്ന് വെള്ളാപ്പള്ളി നടേശൻ വിളിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം മികച്ച മന്ത്രിയും പക്ഷാപാതമില്ലാതെ വികസനം നടത്തുന്ന വ്യക്തിയുമായാണ് മന്ത്രി എം. എം. മണിയെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. പൊതു പ്രവര്‍ത്തന രംഗത്ത് ശോഭിയ്ക്കാന്‍ മണിയാശാന് കഴിയെട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.
അതേസമയം, താന്‍ മത്സരിച്ചപ്പോഴും മന്ത്രിയായപ്പോഴും കളിയാക്കിയവര്‍ ഇപ്പോള്‍ തിരുത്തി പറയാന്‍ നിര്‍ബന്ധിതരായെന്ന് മന്ത്രി എം.എം മണി പറഞ്ഞു. താന്‍ മത്സരിച്ചപ്പോള്‍ പലരും കളിയാക്കി. വിജയിച്ചപ്പോഴും മന്ത്രി ആയപ്പോഴും തന്നെ കൊണ്ട് എന്ത് സാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇവരുടെയെല്ലാം അഭിപ്രായം തിരുത്തി പറയിക്കാന്‍ തനിയ്ക്ക് സാധിച്ചതായും മന്ത്രി എം. എം. മണി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍റെ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപി പ്രസ്ഥാനത്തിന് കരുത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.