ഇടുക്കി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്‍റെ മഹാത്മ പുരസ്‌കാരം. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനമാണ് അംഗീകാരത്തിന് അർഹമാക്കിയത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി പത്തൊമ്പതാം തിയതി കോവളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
കാർഷിക ഭൂവികസന മേഖലയിലും ക്ഷീര മേഖലയിലും പതിനൊന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ പ്രവർത്തനമാണ് വാത്തികുടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. നാൽപത്തിയഞ്ചോളം ഗ്രാമീണ റോഡുകൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ചു. 90 തൊഴുത്തുകൾ, 90 ആട്ടിൻകൂടുകൾ, 25 കോഴിക്കൂടുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്.
കൂടാതെ, കാർഷികമേഖലയിൽ മണ്ണുകയ്യാലകൾ, കല്ലുകയ്യാലകൾ, കുളങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയിട്ടുണ്ട്.