ഇടുക്കി: കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് വലിയതോവാള സഹകരണ ബാങ്ക്. 20 ഇനം പച്ചക്കറികള്‍ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്‌തത്. പാമ്പാടുംപാറ പഞ്ചായത്തില്‍, വലിയതോവാള സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വാര്‍ഡുകളിലെ രോഗികള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കിയത്. 180 ലധികം കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി. തേങ്ങ, ബീന്‍സ്, പടവലം, തക്കാളി, തുടങ്ങി 20 ഇനം പച്ചക്കറികള്‍ അടങ്ങിയ പതിനാലര കിലോ വീതമുള്ള കിറ്റുകളാണ് വിതരണത്തിനായി ഒരുക്കിയത്.
Also Read: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
ബാങ്ക് ചുമതലപെടുത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. സർക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ ധാന്യ കിറ്റുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഇവയില്‍ പച്ചക്കറികൾ ഇല്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് ബാധിതരായവര്‍ക്ക് കിറ്റുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം നെടുങ്കണ്ടം സിഐ സുരേഷ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ജി. മുരളീധരന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബിച്ചന്‍ ചിന്താര്‍മണി എന്നിവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച പച്ചക്കറി, ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിലാണ് കിറ്റുകളിലാക്കുന്നത്.