ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഹരിത ടൂറിസം ഡെസ്‌റ്റിനേഷനാണ് വാഗമണ്‍. അഞ്ച് പ്രധാന കവാടങ്ങളാണ് വാഗമണ്ണിലേക്കുള്ളത്. അവിടെ പഞ്ചായത്ത് അതിര്‍ത്തികളിലെല്ലാം വാഹനങ്ങളെയും യാത്രികരെയും സ്വാഗതം ചെയ്യുന്നത് ഹരിത ചെക്ക്പോസ്റ്റുകളും ഹരിതകര്‍മ സേനാംഗങ്ങളുമാണ്. വാഹനത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളോ മിഠായി കവറോ തുടങ്ങി വലിച്ചെറിയാനുള്ളതെന്തെങ്കിലും കരുതിയിട്ടെങ്കില്‍ അവരത് വാങ്ങും. ഒന്നും വലിച്ചെറിയരുതേയെന്ന് സ്നേഹത്തോടെ ഉപദേശിക്കും. ഹരിത ചെക്ക്പോസ്റ്റിന്‍റെ പ്രവര്‍ത്തനത്തിനുള്ള പത്തു രൂപയുടെ രസീതും നല്‍കും.
തുണിസഞ്ചിയോ മറ്റ് പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളോ വാങ്ങണമെങ്കില്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ഗ്രീന്‍ കൗണ്ടറുകളില്‍ അതിനും സൗകര്യമുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ഷോപ്പുകള്‍ വേറെയുമുണ്ട്. വെള്ളം കുടിച്ച കുപ്പികള്‍ വഴിയില്‍ ക്രമീകരിച്ചിട്ടുള്ള ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കാം. യഥാസമയം അത് നീക്കാന്‍ ഹരിതകര്‍മ്മ സേനാംഗങ്ങളുണ്ട്. ഇവയെല്ലാം സംഭരിച്ച് സൂക്ഷിക്കുന്നതിന് രണ്ട് സംഭരണ കേന്ദ്രങ്ങളും സുസജ്ജമാണ്. അവിടെ തരംതിരിച്ച് സൂക്ഷിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ സ്ഥാപനമായ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യും.
വാഗമണ്‍ നേരിട്ടിരുന്ന രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും മുന്‍കൈയെടുത്ത് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടത്തിയ ഇടപെടലുകളാണ് മാറ്റത്തിന് തുടക്കം കുറിച്ചത്. വാഗമണ്‍, മൊട്ടക്കുന്ന്, പൈന്‍വാലി എന്നിവിടങ്ങളിലെല്ലാം റോഡും പരിസരവും വൃത്തിയാണ്. ജൈവ മാലിന്യങ്ങളൊന്നും പ്ലാസ്റ്റിക്കില്‍ കെട്ടി വലിച്ചെറിഞ്ഞത് കാണാനില്ല. ടൗണില്‍ കടകളില്‍ നിന്നും മറ്റുമുള്ള ജൈവ മാലിന്യങ്ങള്‍ പഞ്ചായത്തിന്‍റെ തുമ്പൂര്‍മൂഴി സംസ്‌കരണ പ്ലാന്‍റില്‍ വളമാക്കുകയാണ്. ഏലപ്പാറ ഗ്രാമപ്പഞ്ചായത്തും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കിയ 'വഴികാട്ടാന്‍ വാഗമണ്‍' എന്ന പദ്ധതിയിലൂടെ വാഗമണ്‍ പ്രദേശത്ത് വന്ന മാറ്റങ്ങളാണിവ.
ഇപ്പോള്‍ ഇവിടെയെത്തിയാല്‍ ആര്‍ക്കും മാലിന്യം വലിച്ചെറിയാന്‍ തോന്നാത്ത സ്ഥിതിയുണ്ട്. സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക് പോസ്റ്റുകളാണ് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലേതെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്‍റ് ആർ.രാജേന്ദ്രൻ പറഞ്ഞു. ഹരിതകേരളം നടപ്പാക്കുന്ന ഹരിത ടൂറിസത്തിന്‍റെ പരീക്ഷണ മാതൃകയാണ് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലേത്. ഇത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തേതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്‌പോസ്റ്റുകളാണ് വാഗമണ്ണിലേത്.