ഇടുക്കി: ഉടുമ്പന്‍ചോലയിലെ തിങ്കള്‍ക്കാട് ആദിവാസി കുടിയില്‍ വാക്‌സിന്‍ സെൻ്റര്‍ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ കൊവിഡ് വാക്‌സിന്‍ സെൻ്റര്‍ ഒരുക്കാൻ പഞ്ചായത്ത് തലത്തിൽ പദ്ധതി തയ്യാറാവുകയാണെന്നും അധികൃതർ വ്യക്തമാക്കി. തോട്ടം മേഖലയില്‍ കൊവിഡ് ജാഗ്രത വധിപ്പിക്കുന്നതിനായി വീടുകളിലും ലയങ്ങിളിലും നേരിട്ട് എത്തിയുള്ള ബോധവല്‍ക്കരണ പരിപാടികളും നടപ്പാക്കും. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി എത്തുന്നത് തടയാൻ തോട്ടം ഉടമകളുമായി സഹകരിച്ച് നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലുമാണ് ഉടുമ്പന്‍ചോല പഞ്ചായത്ത്.
ഇടുക്കിയില്‍ ഏറ്റവുമധികം തമിഴ് തോട്ടം തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും ജോലിക്കെത്തുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ഉടുമ്പന്‍ചോല. ഓരോ ദിവസവും ആയിരക്കണക്കിന് തൊഴിലാളികളാണ് തമിഴ്‌നാട്ടില്‍ നിന്നും ഏലത്തോട്ടങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് രണ്ടാം വരവ് തോട്ടം മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയാണുള്ളത്. പൊലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ ശക്തമായ ബോധവൽക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിൻ്റെ ശ്രമം.
നിലവില്‍ ഉടുമ്പന്‍ചോല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍ക്കാട് കുടിയില്‍ താൽകാലിക സൗകര്യം ഒരുക്കി ആദിവാസികള്‍ക്ക് അവിടെ തന്നെ വാക്‌സിന്‍ നല്‍കും. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഓരോ വാര്‍ഡുകളിലും 20 പേരടങ്ങുന്ന ടീമിനെ സജ്ജമാക്കുകയും ഇവര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിലും ലയങ്ങളിലും തോട്ടങ്ങളിലും എത്തി ബോധവൽക്കരണം നടത്തുകയും ചെയ്യും. വരും ദിവസങ്ങളില്‍ ഉടുമ്പന്‍ചോലയിലും ചെമ്മണ്ണാറിലുമായി ആൻ്റിജന്‍ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെകെ സജികുമാര്‍ പറഞ്ഞു.