ഇടുക്കി: ഉടുമ്പന്‍ചോലയിൽ ഇത്തവണയും വോട്ടർ പട്ടികയില്‍ വന്‍ തിരിമറി നടക്കുന്നതായി ആക്ഷേപം. കേരള- തമിഴ്‌നാട് അതിർത്തിയിലെ തമിഴ് ഭൂരിപക്ഷ മേഖലയായ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിൽ ദിവസേന ആയിരക്കണക്കിന് തൊഴിലാളികളാണ് തമിഴ്‌നാട്ടില്‍ നിന്നും ജോലിക്ക് എത്തുന്നത്. ഇത്തരം തൊഴിലാളികള്‍ ഉള്‍പ്പെടെ, തമിഴ്‌നാട്ടില്‍ സ്ഥലവും വോട്ടും ഉള്ള നിരവധി പേര്‍ വോട്ടർ പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നതായാണ് ആക്ഷേപം. എല്ലാ തെരഞ്ഞെടുപ്പുകളിലും ഉടുമ്പന്‍ചോല പഞ്ചായത്തിലെ വോട്ടർ പട്ടിക സംബന്ധിച്ച് പരാതി ഉയരാറുണ്ട്. ഇത്തവണ പൊതുപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും അനധികൃതമായി കടന്ന് കൂടിയ വോട്ടര്‍മാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. നിലവില്‍ 40 പേര്‍ അനധികൃതമായി വോട്ടർ പട്ടികയില്‍ കടന്ന് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ വാര്‍ഡുകളിലും നിരവധിയാളുകള്‍ ഇത്തരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. തിങ്കള്‍ക്കാട്ടില്‍ നിലവില്‍ പ്രവര്‍ത്തിയ്ക്കാത്ത ലയത്തിന്‍റെ മേൽവിലാസത്തിൽ 11 വോട്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ആധാര്‍കാര്‍ഡ്, സഹകരണ ബാങ്കിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് തമിഴ്‌നാട് സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പഞ്ചായത്തില്‍ സ്ഥിര താമസമില്ലാത്തവരുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് നല്‍കിയിരിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഉടുമ്പന്‍ചോലയിലെ വോട്ടര്‍പട്ടിക സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.