ഇടുക്കി: പുതിയതായി പണികഴിപ്പിച്ച ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. സംസ്ഥാനത്ത് പൊലീസ് സേനയുടെ അടിസ്ഥാന വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ പുതിയതായി നിര്‍മിച്ച പൊലീസ് സ്‌റ്റേഷനുകള്‍, ക്വാര്‍ട്ടേഴ്‌സ്, കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറന്‍സിലൂടെ നിര്‍വഹിച്ചത്. ഉടുമ്പൻചോലയിലെ എയിഡ് പോസ്റ്റാണ് പൊലീസ് സ്റ്റേഷനാക്കി ഉയര്‍ത്തിയത്. രാജഭരണകാലത്ത് പണികഴിപ്പിച്ച പഴയ കെട്ടിടത്തിൽ ആയിരുന്നു സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. തുടര്‍ന്ന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 3800 ചതുരശ്ര അടിയില്‍ 1 കോടി 80 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒപ്പം പഴയ കെട്ടിടം ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിനുമാണ് തീരുമാനം.
ഹൈടെക്ക് സ്റ്റേഷനായി മാറിയതോടെ പരാതി പരിഹാരത്തിനും ജീവനക്കാര്‍ക്കുമായി നിരവധി ആധുനിക സൗകര്യങ്ങളാണ് ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനില്‍ സജീകരിച്ചിട്ടുളളത്. ഓണ്‍ലൈനിലൂടെ പരാതി നല്‍കാം, കേസിന്‍റെ വിവരങ്ങള്‍ അറിയുന്നതിന് ഡിജിറ്റല്‍ സംവിധാനം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ലോക്കപ്പുകള്‍, ഹെല്‍പ് ഡെസ്‌ക്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, ഫയല്‍ മുറി, ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള മുറി, സ്റ്റേഷനില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യം, കുടിവെള്ളം, ഡിജിറ്റല്‍ ഡിസ്പ്ലേ, ടി.വി, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരു നിലകളിലായി നിരവധി സൗകര്യങ്ങളാണ് ഉടുമ്പന്‍ചോല ഹൈടെക്ക് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.