ഇടുക്കി: ഭൂപ്രശ്‌നവും കേന്ദ്ര സര്‍ക്കാരിൻ്റെ വികസന പദ്ധതികളും തോട്ടം മേഖലയില്‍ പ്രചാരണ ആയുധമാക്കി എന്‍ഡിഎ. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാർഥി സന്തോഷ് മാധവനാണ് വികസന പദ്ധതികളും ഭൂപ്രശ്‌നങ്ങളും എണ്ണി പറഞ്ഞ് രാജകുമാരി മേഖലയില്‍ പ്രചാരണം നടത്തിയത്.
ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതും ഉടുമ്പന്‍ചോലയിലെ ബഫര്‍ സോണ്‍ പ്രഖ്യാപനവും പ്രധാന പ്രചാരണ വിഷയമാക്കിയാണ് എന്‍ഡിഎ തോട്ടം മേഖലയില്‍ പ്രചാരണം കൊഴുപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിൻ്റെ പദ്ധതികള്‍ എല്ലാ കുടുംബങ്ങളിലും ലഭിച്ചിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്നും ഉടുമ്പന്‍ചോലയില്‍ മികച്ച വിജയം ഉറപ്പാണെന്നും എന്‍ഡിഎ സ്ഥാനാർഥി സന്തോഷ് മാധവന്‍ പറഞ്ഞു.