ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും നിർമാണ നിരോധനത്തിന്‍റെ ഭാഗമായി എല്ലാ ബിൽഡിങ് പെർമിറ്റുകളും നിക്ഷേധിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ നിലപാടിൽ പ്രതിക്ഷേധിച്ചും വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, വിവാഹം, ആശുപത്രി, അവശ്യ സർവീസുകൾ, ശബരിമല തീർത്ഥാടനം, നാൽപ്പതാം വെള്ളി ആചരണം, എഴുകുംവയൽ കുരിശുമല തീർത്ഥാടനം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് കട്ടപ്പന ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന യുഡിഎഫ് ഹർത്താൽ പരാജയഭീതി മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു. ജില്ലയിലെ ഭൂമിപ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത് കോൺഗ്രസും യുഡിഎഫുമാണെന്ന നിലപാടിലാണ് ഇടതുപക്ഷം.
ഇന്ന് നടത്തുന്ന യുഡിഎഫ് ഹർത്താൽ കർഷകവിരുദ്ധമാണെ നിലപാട് എൻഡിഎയും പങ്കുവച്ചു. തൊടുപുഴ അടക്കമുള്ള മേഖലകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഹൈറേഞ്ച് മേഖലയിൽ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. എന്നാൽ കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. വനങ്ങൾ തടയരുതെന്നും മറ്റ് തടസ്സങ്ങൾ സൃഷ്‌ടിക്കരുതെന്നും യുഡിഎഫ് നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.