ഇടുക്കി: ജില്ലയിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇടുക്കി ജില്ലക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഭൂമി ഉപയോഗിക്കാന്‍ കഴിയൂവെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. കൃഷിക്കായി നല്‍കിയ പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാന്‍ കഴിയില്ല. പുതിയ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസിയും ആവശ്യമാണ്. ഈ ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും പിൻവലിക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.