ഇടുക്കി: പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഹർത്താലിന്റെ ഭാഗമായി രാജകുമാരയിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തുകയും വാഹനങ്ങൾ തടയുകയും ചെയ്തു. മരണം, വിവാഹം, മാധ്യമങ്ങൾ, പാൽ, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരുമല പള്ളിയിലേക്കുള്ള തീർഥാടകരുടെ വാഹനങ്ങൾ, അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിലേക്കുള്ള വാഹനങ്ങൾ എന്നിവക്ക് തടസവുമുണ്ടാവുകയില്ലെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഓഗസ്റ്റ് 22ലെയും സെപ്റ്റംബർ 25ലെയും ഉത്തരവുകളിലെ ദോഷകരമായ 10 വിഷയങ്ങളിൽ നാലെണ്ണം മാത്രമാണ് ഒക്ടോബർ 14-ലെ ഉത്തരവിലൂടെ തിരുത്തിയത്. അതിനാൽ മുൻ ഉത്തരവുകൾ റദ്ദ് ചെയ്യുകയും 1964 പട്ടയം ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് ഭേദഗതി എത്രയും വേഗം നടപ്പാക്കണം. അതിനായി റവന്യു മന്ത്രി ഇടുക്കിയിലെത്തി സമരം ചെയ്യുന്നവരും ജനപ്രതിനിധികളുമായി ചർച്ച നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.