ഇടുക്കി: ഇടുക്കി ജില്ലയില്‍ നവംബര്‍ 28ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. ബഫര്‍ സോണ്‍, ഭൂ പ്രശ്‌നങ്ങള്‍, കെട്ടിട നിര്‍മാണ നിരോധനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനായി 28ന് മന്ത്രി ഇടുക്കിയിലെത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ ഭൂവിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ലയിലെത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് അതിജീവന പോരാട്ടവേദി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിനൊപ്പം ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളും സര്‍ക്കാരിനെതിരെ ഇടുക്കിയിൽ ഉയര്‍ത്തിക്കൊണ്ടു വരാനാണ് യുഡിഎഫിന്‍റെ തീരുമാനം.