ഇടുക്കി: 2020 ഓഗസ്റ്റ് ആറിന് രാത്രി രാത്രി 10.30തോടെയാണ് പെട്ടിമുടിയില്‍ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. മല മുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമര്‍ന്നത്.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകർന്നതിനാൽ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരം അറിയിച്ചു.
കമ്പനി അധികൃതര്‍ അഗ്‌നിരക്ഷ സേനയേയും പൊലീസിനെയും ബന്ധപ്പെട്ടു. പെരിയവര പാലം കനത്ത മഴയില്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. വൈകാതെ രക്ഷാപ്രവര്‍ത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത്ത് കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. ദുരന്തനിവരണ സേനയും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്തു. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചില്‍. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഗര്‍ഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്.
നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചെങ്കിലും അവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ഫിക്കറ്റ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കുടുംബത്തിന് കിട്ടിയിട്ടില്ല.
ദുരന്തത്തില്‍ പരിക്കേറ്റവരുടെയും രക്ഷപ്പെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സര്‍ക്കാരിന്‍റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മരിച്ച 18 തൊഴിലാളികളുടെ കുടുംബത്തിന് കണ്ണന്‍ദേവന്‍ കമ്പനി 5 ലക്ഷവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്‌ടമായ എട്ട് കുടുംബംങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ കണ്ണന്‍ദേവന്‍ കമ്പനി വീടുവച്ചു നല്‍കി. ദുരന്തത്തില്‍ മരിച്ചവരെ അവിടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി തൊട്ടടുത്ത സ്ഥലത്ത് സംസ്‌കരിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും പെട്ടിമുടിയെ ഓര്‍ക്കുമ്പോള്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടവരുടെ കണ്ണില്‍ പ്രിയപ്പെട്ടതെല്ലാം നഷ്‌ടമായതിന്‍റെ നിസഹായതയാണ്.