ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീടിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. ആലപ്പുഴ മധുര ദേശീയപാതയിലെ നെടുങ്കണ്ടം ബഥേല്‍ ഭാഗത്തുള്ള വിനോദിന്‍റെ വീടാണ് ഏതും നിമിഷവും തകര്‍ന്നു വീഴാനായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഇവിടെ വീണ്ടും മണ്ണിടിഞ്ഞതോടെ മരങ്ങളുടെ വേരിന്‍റെ ബലത്തിലാണ് വിനോദിന്‍റെ വീട് നിലം പൊത്താതെ നില്‍ക്കുന്നത്.
2018ലെ പ്രളയത്തിലാണ് വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അടക്കം സന്ദര്‍ശനം നടത്തി ഉടന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ വര്‍ഷം രണ്ട് പിന്നിടുമ്പോളും അധികൃതര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ല. നിലവില്‍ മഴ ശക്തമായതോടെ ഇവര്‍ രാത്രികാലങ്ങളില്‍ ബന്ധു വീടുകളിലാണ് അഭയം തേടുന്നത്. സമാനമായ രീതിയില്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ മറ്റ് വീടുകളുടെ സംരക്ഷണ ഭിത്തി അധികൃതര്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ വിനോദിനെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ആരോപണം.