ഇടുക്കി: എട്ടാംമൈലിലെ കൈവശഭൂമിയില്‍ നിന്നും ചന്ദനമരം വെട്ടിക്കടത്തിയ രണ്ടുപേര്‍ പിടിയില്‍. വാളാര്‍ഡി സ്വദേശി കുഞ്ഞുമോന്‍, ചെല്ലാര്‍കോവില്‍ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. 12 കിലോയോളം ചന്ദനത്തടികളാണ് ഇവരില്‍ നിന്നും പിടികൂടിയത്.
ചൊവ്വാഴ്‌ച രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എട്ടാംമൈലിലെ കൈവശഭൂമിയില്‍ നിന്നും ചന്ദനം വെട്ടി കുഞ്ഞുമോന്‍റെ വീട്ടില്‍ സൂക്ഷിച്ചതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീടിനു പുറത്ത് സൂക്ഷിച്ച ചന്ദനത്തടികള്‍ കണ്ടെത്തി.
ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ് തോമസിന്‍റെ ഓട്ടോയിലാണ് ചന്ദനത്തടികള്‍ വെട്ടിക്കടത്തിയതെന്ന് കണ്ടെത്തിയത്. തോമസിന്‍റെ പക്കല്‍ നിന്നും തൂക്കം നോക്കുന്ന ഇലക്‌ട്രിക് ത്രാസും കണ്ടെത്തി. മരത്തടികള്‍ കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും വനംവകുപ്പ് പിടിച്ചെടുത്തു.