ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷും പെൺകുട്ടിയുടെ അമ്മയുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ തന്നെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ കൂടി പിടിയിലാവുന്നത്. രോഗിയായ മാതാവിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയ്ക്ക് ജോലി വാഗ്‌ദാനം നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. ഒന്നര വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
അതേസമയം ചികിത്സയിലാരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ച സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് മുന്‍പ് കേസില്‍ അറസ്റ്റിലായ പ്രതികള്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
also read: തൊടുപുഴയില്‍ 17കാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സി.ഡബ്ല്യു.സി