ആലപ്പുഴ : ഓൺലൈൻ പർച്ചേസ് വഴി പണം തട്ടിയ സംഘത്തിലെ ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. പഠാൻ ജില്ലയിലെ സിദ്ദ്‌പൂർ ബ്രം പോലെ ചോല പഠോയിൽ ധർമ്മേന്ദ്ര കപുർജി (ധർമേന്ദ്രകുമാർ), മഹേശാന ജില്ലയിലെ ഉജ്ജ അസിപൂർ റിങ്ങ് സ്വദേശി പട്ടേൽ ഷിരിൻ ഹരേഷ് കുമാർ(31) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
വള്ളികുന്നം സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്‌റ്റ്. പരാതിക്കാരിക്ക് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി നൽകി യൂസര്‍ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യിപ്പിച്ച ശേഷം വെബ്‌സൈറ്റിലെ അക്കൗണ്ടിൽ കാണുന്ന ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങള്‍ വാങ്ങണമെന്ന ടാസ്‌ക്കുകൾ നൽകി പണം തട്ടുകയായിരുന്നു. 38 തവണകളായി പരാതിക്കാരിയുടെ 11,88,418 രൂപ പ്രതികള്‍ തട്ടിയെടുത്തു.
കൂടുതൽ ആളുകൾ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. ആലപ്പുഴ ക്രൈം പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ കെ.പി വിനോദ്, എ എസ് ഐമാരായ സജികുമാർ, ശരത്‌ചന്ദ്രൻ, എസ് സി പി ഒമാരായ ബിജു, നെഹൽ, സി പി ഒ സുഭാഷ് ചന്ദ്രബോസ് എന്നിവരും എസ് ഐ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെൽ വിദഗ്‌ധരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായി തട്ടിപ്പ് : ജൂണ്‍ 22ന് മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യവസായിയിൽ നിന്ന് അജ്ഞാത സംഘം 3.67 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിയിൽ നിന്നാണ് സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തത്. വ്യവസായിക്ക് അജ്ഞാതനിൽ നിന്ന് കോൾ ലഭിക്കുകയും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ എന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തുകയുമായിരുന്നു.
നിരവധി മാസത്തെ വൈദ്യുതി ബില്ലുകൾ അടയ്‌ക്കാനുണ്ടെന്നും ഉടൻ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും അജ്ഞാതൻ ഫോണിലൂടെ വ്യവസായിയെ അറിയിച്ചു. ബില്ലുകൾ അടയ്‌ക്കാൻ ഒരു ആപ്പ് ഉണ്ടെന്നും അത് ഡൗണ്‍ലോഡ് ചെയ്‌ത് അതിലൂടെ ബില്ലുകൾ അടയ്‌ക്കാനും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. പിന്നാലെ വ്യവസായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും പ്രവർത്തനക്ഷമത പരിശോധിക്കാൻ അജ്ഞാതൻ നിർദേശിച്ച പ്രകാരം 100 രൂപ നൽകുകയും ചെയ്‌തു.
വ്യവസായിയുടെ മൊബൈൽ നമ്പർ ആപ്പിൽ നൽകിയതിന് തൊട്ടുപിന്നാലെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തവണകളായി പണം നഷ്‌ടപ്പെടുകയായിരുന്നു. 3,67,760 രൂപയാണ് പല തവണകളായി പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്‌ടപ്പെട്ടത്.
CYBER CRIME | വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വ്യവസായിക്ക് നഷ്‌ടമായത് 3.67 ലക്ഷം