ഇടുക്കി : ഈ മാസം(നവംബര്‍) ഏഴാം തീയതി ഏലപ്പാറയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കട്ടപ്പനയിൽ കണ്ടെത്തി. തിരുവനന്തപുരത്തേക്ക് യാത്ര പോയ 9, 10 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികള്‍ കട്ടപ്പനയിൽ വച്ച് അന്വേഷണസംഘത്തിന്‍റെ കയ്യിലകപ്പെടുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ യു കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാവിലെ 8:30ഓടെ ഏലപ്പാറയിൽ നിന്ന് കട്ടപ്പനയിൽ എത്തുകയും, അവിടെ നിന്നും തുരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ കുട്ടികള്‍ യാത്ര പോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. തുടർന്ന് തിരുവനന്തപുരത്തേക്കും, കുട്ടികൾ പോകാൻ ഇടയുള്ള മറ്റ് ഭാഗങ്ങളിലേക്കും അന്വേഷണം ഊർജിതമാക്കി. ഇതേതുടര്‍ന്ന്, കട്ടപ്പനയിൽ കൂടുതൽ പരിശോധന നടത്തി വരുമ്പോഴാണ് കുട്ടികൾ അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയില്‍വരുന്നത്.
കാണാതായ കുട്ടികളിൽ ഒരാളുടെ വലിയച്ഛന്‍റെ ശിവകാശിയിലുള്ള വീട്ടിലേക്ക് ആയിരുന്നു ഇവരുടെ യാത്ര. കയ്യിലുണ്ടായിരുന്ന ഫോൺ തിരുവനന്തപുരത്ത് വിറ്റ ശേഷം വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും തുടർന്ന് അവിടെ നിന്ന് ബസിൽ 7000 മുന്ന എന്ന സ്ഥലത്ത് എത്തിയപ്പോൾ വഴിതെറ്റിയെന്ന് മനസിലാവുകയും ചെയ്‌തു. കയ്യിൽ ഉണ്ടായിരുന്ന പണം തീരാറായതോടെ തിരിച്ചെത്താൻ പദ്ധതിയിടുകയായിരുന്നു.
കുട്ടികളിൽ ഒരാളുടെ മാല വിറ്റ് ഫോൺ മേടിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായ പ്രശ്‌നങ്ങളാണ് കുട്ടികൾ നാടുവിടാൻ ഇടയാക്കിയത് എന്നാണ് വിവരം. കുട്ടികളെ കാണാതായി 50 മണിക്കൂർ പൂർത്തിയാകും മുമ്പേ ഇവരെ കണ്ടെത്താനായത് പൊലീസിന് അഭിമാനനിമിഷമാണ്. കട്ടപ്പനയിൽ നിന്നും കണ്ടെത്തിയ ഇവരെ ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ഉപ്പുതറ പൊലീസിന് കൈമാറി. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.