ഇടുക്കി: പൂപ്പാറ കൂട്ട ബലാത്സംഗക്കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേം സിങ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി ഖജനാപ്പാറയിൽ നിന്നും രാജാക്കാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
നിലവിൽ പെൺകുട്ടി ജില്ല ചൈൽഡ് ലൈന്‍റെ സംരക്ഷണയിലാണ്. ചൈൽഡ് ലൈന്‍റെ കൗൺസിലിങിനിടെയാണ് സുഹൃത്തുക്കളും രാജകുമാരി ഖജനാപ്പാറയിലെ തോട്ടം തൊഴിലാളികളുമായ മഹേഷ് കുമാർ യാദവും ഖേം സിങും പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഒരാൾ വീട്ടിൽ വച്ചും മറ്റൊരാൾ പൂപ്പാറയിലെത്തിച്ചുമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്.
പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍: മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ സുഗന്ത്, ശ്യം, ശിവ, അരവിന്ദ് കുമാർ, എന്നിവരും കൗമാരക്കാരായ രണ്ടു പേരും അറസ്റ്റിലായിരുന്നു.
ഇവരിൽ നാല് പേർ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി മൊഴി നൽകിയത്. സുഗന്ത്, ശിവ, സാമുവൽ എന്നിവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. കൗമാരക്കാരിൽ ഒരാളാണ്, പെൺകുട്ടിയുടെ സുഹൃത്തിനെ ആദ്യം മർദിച്ചത്.
സംഭവത്തിന് മുൻപും കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെ മൂന്ന് ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മാതാപിതാക്കൾക്ക് ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.