ഇടുക്കി: ഇടുക്കി മൂന്നാറിലെ എംആര്‍എസ് സ്കൂളിലെ ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ റൂം വിട്ടത് മുതിർന്ന കുട്ടികളുടെ റാഗിങ്ങ് മൂലമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം രമേഷ് കുമാര്‍. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകര്‍ക്കുമെതിരെ കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റാഗിങ്ങ് സഹിക്കാനാകാതെ ഇരുപത്തിമൂന്ന് ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ആറിയാതെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഹോസ്റ്റലിന് പുറമെ സ്‌കൂളില്‍ വെച്ചും മുതിർന്ന കുട്ടികള്‍ ഇവരെ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാര്‍ഡനടക്കമുള്ള അധ്യാപകര്‍ ഹോസ്റ്റലിലുണ്ടെങ്കിലും തങ്ങളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്യാറില്ലെന്നും ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും കുട്ടികള്‍ പൊലീസിന് മൊഴിനല്‍കിയതായാണ് വിവരം.
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു. മുമ്പും ഹോസ്റ്റലിൽ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും വിദ്യാർഥികൾ പുറത്തു പറയുകയോ ബന്ധപ്പെട്ടവർ അറിയുകയോ ചെയ്തിരുന്നില്ല. കുട്ടികളുടെ സംരക്ഷണത്തിനായി വാച്ചർ മാത്രമാണ് രാത്രികാലങ്ങളില്‍ ഹോസ്റ്റലിൽ ഉള്ളത്. വാര്‍ഡനുണ്ടെങ്കിലും ഇവര്‍ കുട്ടികളെ ശ്രദ്ധിക്കാറില്ല. അവധി ദിവസങ്ങളില്‍ കുട്ടികളെ തനിച്ചാക്കി അധ്യാപകരും ജീവനക്കാരും വീടുകളിൽ പോകുന്നതായും ആരോപണമുണ്ട്