ഇടുക്കി : കൊവിഡ് കാലം നിരവധിയാളുകളുടെ ജീവിതം അടിമുടി തകര്‍ത്തിട്ടുണ്ട്. അതിലൊരാളാകുമായിരുന്നു ഇടുക്കി രാജാക്കാട്ടിലെ കുത്തുങ്കല്‍ സ്വദേശി സണ്ണി. എന്നാല്‍ അതിജീവനത്തിനായി അയാള്‍ പുതുസാധ്യതകള്‍ തേടി.ഒടുവില്‍ ആ കർഷകന്‍ അതില്‍ വിജയിച്ചു.
ലോക്‌ഡൗണ്‍ കാലത്ത് ദീര്‍ഘവീക്ഷണത്തോടെ ടൂറിസം സാധ്യത മുന്നിൽ കണ്ട് സണ്ണി രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിന് സമീപം എണ്‍പതടി ഉയരത്തില്‍ മരത്തിൽ ഒരു ഏറുമാടം നിർമിച്ചു. വരാന്തയും, കിടപ്പുമുറിയും, അറ്റാച്ച്ഡ് ബാത്ത്റൂമും, ബാല്‍ക്കണിയും ഒക്കെ ഉള്ള ഏറുമാടം. ഇവിടേയ്‌ക്ക് കൂടുതൽ സഞ്ചാരികളെത്തി തുടങ്ങിയതോടെ ഇത് കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സമീപത്ത് തന്നെ മറ്റൊരു മുളവീടും നിര്‍മിച്ചു.
കൃഷിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കാതെ വന്നതോടെയാണ് സണ്ണി ഒറ്റയ്‌ക്ക് ഏറുമാടവും മുളവീടും നിര്‍മിച്ച് ഫാം ടൂറിസം രംഗത്തേക്ക് ഇറങ്ങിയത്. വനംവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും അനുവാദത്തോടെ സണ്ണി ഒറ്റയ്‌ക്കാണ് ഇവയുടെ നിർമാണം നടത്തിയത്. ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം കാണാം. നിരവധി ആളുകളാണ് പ്രകൃതിയോടിണങ്ങിയുള്ള ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്.
ഒറ്റത്തടിയില്‍ കൊത്തുപണി ചെയ്‌ത മനോഹരമായ കരകൗശല വസ്‌തുക്കളും ഇവിടെ സഞ്ചാരികള്‍ക്കായി സണ്ണി ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം ടൂറിസം സംരംഭങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍റെയും പിന്തുണയാവശ്യപ്പെടുകയാണ് അദ്ദേഹം. ഇത്തരത്തില്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാം ടൂറിസം സഞ്ചാരികള്‍ക്കായി കുത്തുങ്കലില്‍ ഒരുക്കാനുള്ള കഠിനശ്രമത്തിലാണ് സണ്ണി.