ഇടുക്കി: ചിന്നക്കനാൽ മുത്തമ്മാൾ കോളനിക്ക് സമീപം ഏലം കുത്തക പാട്ട ഭൂമിയിൽ സ്വകാര്യ വ്യക്തി വ്യാപകമായി മരം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ വനം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മുത്തമ്മാള്‍ കോളനിക്ക് സമീപമുള്ള തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പട്ടയ ഭൂമിയിൽ നിന്നും ഏലം കുത്തക പാട്ടഭൂമിയില്‍ നിന്നുമായാണ് മരം മുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ മുറിച്ചിട്ട മരങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
കൃഷി ആവശ്യത്തിനായി സ്ഥലം ഒരുക്കുന്നതിന്‍റെ ഭാഗമായി നൂറിലധികം വരുന്ന വൻ മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് കടത്താൻ ശ്രമിച്ചത്. അനധികൃതമായി മരം മുറിച്ചതിനെതിരെ സ്ഥലം ഉടമക്ക് എതിരെ വനം വകുപ്പ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പട്ടയ ഭൂമിയുടെയും ഏലം കുത്തകപാട്ട ഭൂമിയുടെയും അളവ് നിർണയിക്കുന്നതിനായി ഉടുമ്പന്‍ചല ഡെപ്യൂട്ടി തഹസില്‍ദാരിന്‍റെ നേതൃത്വത്തില്‍ സര്‍വേ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കുത്തക പാട്ട ഭൂമിയിൽ നിന്നാണ് കൂടുതൽ മരങ്ങൾ മുറിച്ചിരിക്കുന്നത് എന്നും റവന്യു സംഘം കണ്ടെത്തി.
പ്രതികൾക്കായിട്ടുള്ള അന്വേഷണം ഊർജിതമാക്കാനും വനം വകുപ്പ് കണ്ടത്തിയ തടികൾ ലേലം ചെയ്‌തു നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്.