ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചുവിറ്റ സംഭവത്തിൽ വനം വകുപ്പിന് പുറമെ കേസ് എടുത്ത് ക്രൈം ബ്രാഞ്ചും. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കര്‍ഷകനെ കബിളിപ്പിച്ച് മരം മുറിച്ച് കടത്തിയെന്ന പേരില്‍ മരംവിലകൊടുത്ത് വാങ്ങിയ കച്ചവടക്കാരനെയും ഇടിനിലക്കാരെയും പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്.
ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍
അതേസമയം നടപടിക്കെതിരെ ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. മരവില പൂർണമായും കര്‍ഷകന് നല്‍കി മരം മുറിച്ച് വിറ്റ കച്ചവടക്കാരെയും ഇടനിലക്കാരെയുമുൾപ്പെടെ നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. പട്ടയ ഭൂമിയിലെ രാജകീയ മരങ്ങള്‍ മുറിക്കുന്നതിന് രാജമുദ്രയുള്ള പ്രത്യേക അനുമതിയും രേഖകളും ഉണ്ടായിട്ടും എങ്ങനെയാണ് കേസില്‍ പ്രതിയായതെന്നാണ് ഇവർ ചോദിക്കുന്നത്.
ക്രൈം ബ്രാഞ്ച് കര്‍ഷകനെ പ്രതി ചേർത്തട്ടില്ല. എന്നാല്‍ കച്ചവടക്കാര്‍ മരം മുറിച്ചത് തങ്ങളെ കബിളിപ്പിച്ചാണെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. കൂടാതെ കച്ചവടക്കാരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടും, മരം മുറിക്കലിന് അനുമതി നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ നടപടി സ്വീകരിച്ചട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ALSO READ: പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ കേസില്ലെന്ന് വനം മന്ത്രി
വനംവകുപ്പിന്‍റെ അനുമതിയോടെ നിയമപരമായി മരങ്ങൾ വിലകൊടുത്ത് വാങ്ങിയ കച്ചവടക്കാരെ പ്രതിയാക്കുന്ന നടപടിയെ നിയമപരമായി നേരിടാനാണ് ജില്ലയിലെ ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിച്ച് സര്‍ക്കാരിന് നഷ്‌ടം വരുത്തിയെന്ന് കാണിച്ച് പിഡിപിപി ആക്‌ട്, ഐപിസി 120 ബി ഗൂഡാലോചന, 406 വിശ്വാസവഞ്ചന, 420 ചതി എന്നിവ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.