ഇടുക്കി: കാനനപാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി എം.എം മണി. ഇത്തരത്തിൽ യാത്ര ഒഴിവാക്കാത്തപക്ഷം വൻ ദുരന്തം അഭിമുഖീകരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ശാന്തൻപാറ പഞ്ചായത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധനം ലംഘിച്ച് അനധികൃത സഞ്ചാരം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ചിന്നാർ, ബോഡിമെട്ട്, കമ്പംമെട്ട്, കുമളി എന്നീ അംഗീകൃത ചെക്ക് പോസ്റ്റുകളിലൂടെ തടസം കൂടാതെ ഗതാഗതം നടക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് പുറമെയാണ് ജനങ്ങൾ കാട്ടുപാതകളിലൂടെ സഞ്ചരിക്കുന്നത്. ഇത് തടഞ്ഞില്ലെങ്കിൽ പ്രതീക്ഷിക്കാത്ത ദുരന്തം ഇരു സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ട്.