ഇടുക്കി: അതിർത്തി ചെക്ക്പോസ്റ്റുകൾ തുറന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷകൾ പകർന്ന് മൂന്നാർ. വിനോദ സഞ്ചാരികളുടെ തിരക്കേറുകയാണ് മേഖലയിൽ. മാട്ടുപ്പെട്ടിയില്‍ ചോളവും കാരറ്റുമായി വ്യാപാരികളും ഉണർന്നു. മാസങ്ങളായി അടഞ്ഞു കിടന്ന ഹോട്ടലുകളിലെ മുറികൾ സഞ്ചാരികളാൽ നിറഞ്ഞിട്ടുണ്ട്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്. ഇരുചക്രവാഹനങ്ങളിലും സ്വന്തം കാറുകളിലുമെത്തിയവരെ ഇരുകൈകളും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയില്‍ സന്ദര്‍ശകരുടെ ഇഷ്‌ട വിഭവമായ ചോളവും കാരറ്റും വഴിയോരങ്ങളിൽ ഒരുക്കിയിരുന്നു.
എട്ടുമാസം മുൻപാണ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ശക്തമായതോടെ മൂന്നാര്‍ നിശ്ചലമായി. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് വഴി സന്ദർശകരെ കടത്തിവിടാൻ തുടങ്ങിയത്. ഇതോടെ സന്ദര്‍ശകരുടെ ഒഴുക്ക് ആരംഭിക്കാനും തുടങ്ങി.
അന്തർ സംസ്ഥാന പാതയിലൂടെ സ്വകാര്യ ബസുകളുടെ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണവും വര്‍ധിക്കും. ഇതോടെ മൂന്നാറിലെ ഹോട്ടല്‍ റിസോര്‍ട്ട് വ്യവസായം പൂര്‍ണസ്ഥിതിയിലെത്തുകയും ചെയ്യും.