ഇടുക്കി: ഡിസംബറിലെ മഞ്ഞും കുളിരും തേടി മലയോര മണ്ണിലേക്ക് എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പ്രളയത്തിന് ശേഷം മന്ദീഭവിച്ച ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല വളരെ പ്രതീക്ഷയിലാണ്. രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന്‍റെയും ഹൈഡല്‍ ടൂറിസം വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പൊന്‍മുടിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ പൊന്മുടി ജലാശയത്തിൽ സ്പീഡ് ബോട്ടും സര്‍വ്വീസ് ആരംഭിച്ചു. നിലവില്‍ രണ്ട് പെഡല്‍ബോട്ട്, രണ്ട് സൈക്കളിംഗ്, ഒരു സ്പീഡ് ബോട്ട് എന്നിവ സര്‍വീസ് നടത്തുന്നുണ്ട്. ഹൈറേഞ്ചിലെ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്ഥമായി ഏറെ മനോഹരമായ പ്രദേശമാണെന്നും കുടുംബമായി എത്തി സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രമാണിതെന്നും സഞ്ചാരികളും പറയുന്നു. ബോട്ടിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ നൂറിലധികം സഞ്ചാരികളാണ് ജലയാത്ര നടത്തിയത്. ഇതോടൊപ്പം തന്നെ കുട്ടികള്‍ക്കുള്ള പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ മൂന്നാര്‍- പൂപ്പാറ റോഡ് തുറന്ന് നല്‍കിയിട്ടാല്ലാത്തതിനാല്‍ രാജാക്കാട് വഴി കടന്നുപോകുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി പൊന്മുടി മാറിയിരിക്കുകയാണ്.