ഇടുക്കി: മൂന്നാറും തേക്കടിയും അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാരമേഖലകളില്‍ നിന്നും ആളൊഴിഞ്ഞിട്ട് രണ്ട് മാസത്തോടടുക്കുകയാണ്. വിനോദ സഞ്ചാരമേഖലക്ക് ഇത്രത്തോളം നഷ്ടമുണ്ടായൊരു കാലം സമീപത്തെങ്ങുമില്ല. ഈ രംഗത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട റിസോര്‍ട്ടുകള്‍ വരെ പ്രതിസന്ധിയിലാണ്.
വരാന്‍ പോകുന്ന മധ്യവേനലവധി മുമ്പില്‍ കണ്ട് വായ്പയെടുത്തും മറ്റുമായി ലക്ഷങ്ങള്‍ മുടക്കിയവര്‍ ധാരാളമുണ്ട്. വലിയ തുകയ്‌ക്ക് ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും നടത്തിപ്പിനായി വാടകക്കെടുത്തിരുന്നവരെല്ലാം എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. രാജ്യാന്തരയാത്രകള്‍ക്ക് പുറമേ അന്തര്‍സംസ്ഥാന യാത്രകള്‍ക്കും അനുമതി ലഭിക്കാന്‍ നാളുകള്‍ വേണ്ടി വരുമെന്നിരിക്കെ ഉടനെങ്ങും ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാവില്ലെന്ന തിരിച്ചറിവ് ഈ രംഗത്തുള്ളവരുടെ അശങ്ക വര്‍ധിപ്പിക്കുന്നു.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിന്നിരുന്ന ടാക്‌സി വാഹന ഉടമകളുടെയും തൊഴിലാളികളുടെയും അവസ്ഥ വിഭിന്നമല്ല. ജില്ലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സ്ഥാപനങ്ങള്‍ക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. അടച്ചിടല്‍ വന്നതോടെ കരുതിവച്ചിരുന്ന ചോക്ലേറ്റുകള്‍ അടക്കമുള്ള വസ്തുക്കള്‍ ഉപയോഗശൂന്യമായി തീര്‍ന്നതാണ് പ്രധാനവെല്ലുവിളി. ഹോട്ടല്‍ റിസോര്‍ട്ട് മേഖലകളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും ടൂറിസം മേഖലയിലെ ഗൈഡുകളുമെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണ്ട് കഴിഞ്ഞു. വരാന്‍ പോകുന്ന കാലവര്‍ഷം കൂടി ചതിച്ചാല്‍ ടൂറിസം മേഖലയിലെ തിരിച്ച് വരവിന് പ്രതീക്ഷക്കുമപ്പുറം സമയമെടുക്കും.