ഇടുക്കി : ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവ് ലഭിച്ചതോടെ അടിമാലി ഉള്‍പ്പെടുന്ന ഹൈറേഞ്ച് മേഖലയിൽ കള്ള് ഷാപ്പുകള്‍ തുറന്നു. പത്താംമൈലിലും ഇരുമ്പുപാലത്തും പടികപ്പിലും ഷാപ്പുകള്‍ തുറന്നു. എന്നാൽ ഷാപ്പുകളില്‍ ആദ്യദിനം കള്ളിന് ക്ഷാമം നേരിട്ടുവെന്ന് ഷാപ്പുടമകൾ പറഞ്ഞു.
ഷാപ്പുകള്‍ തുറന്ന് കുറച്ച് സമയം പിന്നിട്ടപ്പോള്‍ തന്നെ പല ഷാപ്പുകളിലും കള്ള് തീര്‍ന്നു. ആവശ്യക്കാരായി എത്തിയവരില്‍ ചിലര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചെങ്കിലും അടിമാലി മേഖലയിലെ പലഷാപ്പുകളും ആദ്യ ദിവസം തുറന്ന് പ്രവർത്തിച്ചില്ല. രാവിലെ 150 ലിറ്റര്‍ കള്ള് എത്തികൊണ്ടിരുന്ന പത്താംമൈല്‍ ഷാപ്പില്‍ 24 ലിറ്റര്‍ കള്ള് മാത്രമാണ് എത്തിയത്. ഷാപ്പ് തുറക്കുമെന്ന പ്രതീക്ഷയില്‍ അതിരാവിലെ എത്തിയ ആവശ്യകാര്‍ക്ക് പോലും കള്ള് ലഭിച്ചില്ല. തിരക്കുണ്ടാകുമെന്ന നിഗമനത്തിൽ ഷാപ്പുകള്‍ക്ക് മുമ്പില്‍ പോലീസെത്തിയപ്പോഴേക്കും കുപ്പികള്‍ കാലിയായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെത്ത് നിര്‍ത്തി വച്ചിരുന്നതിനാല്‍ കള്ളിന്‍റെ ഉത്പാദനം കുറഞ്ഞതായി ചെത്തുകാര്‍ പറയുന്നു. കുറഞ്ഞത് രണ്ടാഴ്ച്ചയോളമെങ്കിലും സമയമെടുത്താലെ കള്ളിന്‍റെ ഉത്പാദനം ഒരുവിധമെങ്കിലും പഴയപടിയാകുകയുള്ളു. പാലക്കാടന്‍ കള്ള് വരവ് നിന്നതും ഹൈറേഞ്ച് മേഖലയില്‍ കള്ള് ക്ഷാമത്തിന് ഇടവരുത്തിയിട്ടുണ്ട്.