ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതിന് പിന്നാലെ ജില്ലയില്‍ കടുവ ഭീതിയും. മൂന്നാറിലെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമുള്ള ജനവാസ മേഖലയിലാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കടുവയെ കണ്ടത്.
മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്‌റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയെ കണ്ടത്. യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടുവയുടെ സാന്നിധ്യം മേഖലയില്‍ ആശങ്ക പടര്‍ത്തി.
തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥലമാണിത്. ഏതാനും നാളുകളായി മേഖലയില്‍ വിവിധയിടങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ ചത്ത നിലയിലും പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. മേഖലയില്‍ കടുവകളെത്തുന്നുണ്ടെന്ന് നാട്ടുകാരും വനം വകുപ്പിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് കടുവയാണെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമുള്ള കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നാട്ടുകാര്‍ ഏറെ ആശങ്കയിലാണ്.