ഇടുക്കി: തേക്കടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ പ്രമോദ് പ്രകാശ് (വിഷ്‌ണു ), ഭാര്യ ജീവ, പ്രമോദിന്റെ അമ്മ ശോഭന എന്നിവരെയാണ് കുമളി - തേക്കടി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസമായി ഇവർ ലോഡ്‌ജിൽ രണ്ട് മുറികൾ വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഈ പ്രദേശത്ത് ഇവർ വീടും, ഏലത്തോട്ടവും വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രമോദിന്‍റെയും, ജീവയുടെയും രണ്ടാം വിവാഹമാണിത്. സാമ്പത്തിക പ്രശ്നങ്ങളാകാം മരണത്തിന് കാരണമെന്നാണ് കരുതുന്നു. ശനിയാഴ്‌ച രാത്രിയിലും ലോഡ്ജ് ഉടമ ഇവരെ കണ്ട് സംസാരിച്ചിരുന്നു. ഞായറാഴ്ച്ച ഉച്ചയായിട്ടും റൂമിന്റെ വാതിൽ തുറക്കാതെ വന്നതോടെ ജനൽ വഴി നോക്കിയപ്പോൾ പ്രമോദ് തൂങ്ങി നിൽക്കുന്നതായി കണ്ടു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമോദിനെയും, അമ്മയെയും തൂങ്ങി മരിച്ച നിലയിലും, ഭാര്യ ജീവ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലും കണ്ടെത്തി. ഫോറൻസിക്, സയന്‍റിഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മൂന്ന് പേരും ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.