ഇടുക്കി: മാതാപിതാക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ ജീവിതം വഴിമുട്ടി മൂന്ന് കുട്ടികൾ. തൊടുപുഴ പന്നിമറ്റം സ്വദേശികളായ സാനിയ, സെബിൻ, സോണിയ എന്നീ വിദ്യാർഥികളാണ് ഇനി മുന്നോട്ട് എന്തെന്നറിയാതെ കഴിയുന്നത്. ഇവർ ഇപ്പോൾ അമ്മൂമ്മ അന്നക്കുട്ടിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
രണ്ടു വർഷം മുൻപാണ് കുട്ടികളുടെ അമ്മ അനീറ്റ ഹൃദയഘാതം വന്ന് മരിച്ചത്. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ പിതാവ് സോയി പൊന്നുപോലെയാണ് മൂന്നുപേരെയും നോക്കിയത്. എന്നാൽ രണ്ടാഴ്ച്ച മുൻപ് മരത്തിൽ നിന്ന് വീണ് പിതാവും മരിച്ചു. ഇതോടെ ഈ അമ്മൂമ്മയും കൊച്ചു മക്കളും ഒറ്റപെട്ടു. ഇനി പഠനം ഉൾപ്പെടെയുള്ളവ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇവർക്ക് നിശ്ചയമില്ല.
സാനിയ പത്താം ക്ലാസിലും, സെബിൻ ഏഴിലും , സോണിയ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. വാടക വീട്ടിലാണ് ഇവരുടെ താമസം. കുടുംബത്തിന്‍റെ ഏക ആശ്രയം പിതാവിന്‍റെ വരുമാനമായിരുന്നു. എന്നാൽ ഇപ്പോൾ അതും നിലച്ചു. ഇപ്പോൾ ഇവർക്ക് അച്ഛനും അമ്മയും എല്ലാം അന്നക്കുട്ടി എന്ന അമ്മൂമ്മയാണ്.
ALSO READ: 'കാക്കിയണിയാന്‍ അഭിജിത്തിന് കഴിയട്ടെ' ; ഇടിവി ഭാരത് വാർത്തയേറ്റെടുത്ത് കേരള പൊലീസ്
സ്വന്തമായി ഒരു വീട് എന്നതാണ് ഇപ്പോൾ ഈ കുട്ടികളുടെ ഏറ്റവും വലിയ സ്വപ്‌നം. അതിനായി സുമനസുകൾ കനിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചിലവുകൾക്കുമായി നാട്ടുകാർ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഒപ്പം ഇവരെ സംരക്ഷിക്കുവാൻ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.