ഇടുക്കി:ആരാരും ശ്രദ്ധിക്കാതെ കിടക്കുന്ന ചരിത്ര അവശേഷിപ്പാണ് കല്ലാര്‍കുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര. പവര്‍ ഹൗസിന്‍റെയും അണക്കെട്ടിന്‍റെയും നിര്‍മ്മാണ ആവശ്യത്തിനായി പാറപൊട്ടിക്കുന്നതിനും മറ്റുമുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഇടമായത് കൊണ്ടാണ് തോട്ടാപ്പുരയെന്നറിയുപ്പെടുന്നത്. പിന്നീട് പ്രദേശത്തിന്‍റെ പേര് തന്നെ തോട്ടാപ്പുരയെന്നായി മാറുകയായിരുന്നു.
ചരിത്രമുറങ്ങുന്ന തോട്ടാപ്പുരയെ പ്രാധാന്യം നല്‍കി സംരക്ഷിച്ച് വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തോട്ടാപ്പുര കാഴ്ച്ചയില്‍ വിസ്‌മയം തീര്‍ക്കുന്ന ചരിത്ര നിര്‍മ്മിതിയാണ്.മീറ്ററുകളോളം ഉള്ളിലേക്ക് വലിയ പാറ തുരന്നാണ് തോട്ടാപ്പുര നിര്‍മ്മിച്ചിരിക്കുന്നത് . ഒറ്റനോട്ടത്തില്‍ വലിയ പാറക്കടിയില്‍ ചരിത്രം അവശേഷിപ്പിച്ച ഒരു നിര്‍മ്മിതിയുണ്ടെന്ന് അധികമാര്‍ക്കും തിരിച്ചറിയാനാകില്ല. പാതയോരത്തു നിന്നും പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തിയാല്‍ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിര്‍മിച്ചിട്ടുള്ള വലിയൊരു തുരങ്കം കാണാം. തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചാല്‍ മീറ്ററുകള്‍ക്കപ്പുറം ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികള്‍ക്കുള്ളില്‍ എത്തും.
നിലവില്‍ തോട്ടാപ്പുര അവഗണനക്ക് നടുവിലാണ്. കൂരാകൂരിരുട്ട് നിറഞ്ഞ ഗുഹക്കുള്ളില്‍ വവ്വാലുകള്‍ സ്വൈര്യ വിഹാരം നടത്തുന്നു. പ്രവേശന കവാടത്തില്‍ ചെളിയും വെള്ളക്കെട്ടുമാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ ചരിത്ര പ്രധാന്യം നല്‍കി തോട്ടാപ്പുരക്ക് സംരക്ഷണം ഒരുക്കിയാല്‍ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും. പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയാല്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനൊപ്പം ചരിത്രമുറങ്ങുന്നൊരു നിര്‍മ്മിതിക്ക് അര്‍ഹമായ പരിഗണനയും ലഭിക്കുമെന്നും നാട്ടുകാർ പറയുന്നു .