ഇടുക്കി: ഉടുമ്പന്നൂർ മങ്കുഴിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രസവം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ സുജിത പൊലീസിന് മൊഴി നല്‍കി. യുവതിയെ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് പ്രസവിച്ചതായി അറിയുന്നത്. തുടർന്ന്, വീട്ടിലെത്തി പൊലീസ് പരിശോധിച്ചപ്പോൾ ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലും കൊലപാതകമെന്ന് ഉറപ്പായെങ്കിലും യുവതി ചികിത്സയിലായത് കൊണ്ട് അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് (ഓഗസ്റ്റ് 17) ചികിത്സ കഴിഞ്ഞ് യുവതി ആശുപത്രി വിട്ടതോടെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം നടന്ന ഉടുമ്പന്നൂർ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രസവത്തിന് പിന്നാലെ കൊല: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ചിരുന്നുവെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അടക്കം കാണിച്ചപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. ഈ വിവരം പീന്നീട് അറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും യുവതി മൊഴി നല്‍കി.
അതേസമയം, കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. യുവതിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വിവരങ്ങള്‍ ലഭിച്ച ശേഷം ചോദ്യം ചെയ്യാനും തുടരന്വേഷണത്തിനുമായി പൊലീസ് വീണ്ടും യുവതിയെ കസ്റ്റഡിയിൽ വാങ്ങും.