ഇടുക്കി : കുടയത്തൂർ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് വിടചൊല്ലി നാട്. സംഗമം മാളിയേക്കൽ കോളനിയിൽ തിങ്കളാഴ്‌ച പുലർച്ചെ 3.30ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ചിറ്റടിച്ചാലിൽ സോമൻ (53), മാതാവ് തങ്കമ്മ (70), ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാനന്ദ് (4) എന്നിവർക്കാണ് വേദനയോടെ നാട്ടുകാർ അന്തിമോപചാരം അർപ്പിച്ചത്. റവന്യൂ മന്ത്രി കെ.രാജൻ്റെയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെയും അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടേയും നേതൃത്വത്തിൽ ജില്ല ഭരണകൂടം നടത്തിയ തിരച്ചിലിൽ അഞ്ച് പേരുടേയും മൃതദേഹങ്ങൾ ഉച്ചയ്ക്ക് മുൻപേ കണ്ടെടുത്തിരുന്നു.
ആദ്യഘട്ട തിരച്ചിലിൽ തന്നെ തങ്കമ്മയുടെ മൃതദേഹം ലഭിച്ചു. തുടര്‍ന്ന് ദേവാനന്ദിന്‍റെയും ഷിമയുടേതും കണ്ടെത്തി. ഇടുക്കി കെ9 സേനയിലെ കഡാവർ വിഭാഗത്തിലെ ബൽജിയം മാൽ നോയിസ് ഇനത്തിൽപ്പെട്ട എയ്ഞ്ചൽ, ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണ എന്നീ പൊലീസ് നായ്ക്കളാണ് സോമൻ്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്താൻ സഹായിച്ചത്.
അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് നിരവധി പേർ : ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഉച്ചയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ മന്ത്രിമാരായ കെ.രാജനും, റോഷി അഗസ്റ്റിനും, എംപി ഡീൻ കുര്യാക്കോസും ചേർന്ന് ഏറ്റുവാങ്ങി കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നിരവധി പേരാണ് സോമനും കുടുംബത്തിനും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് വൈകിട്ട് 5.30ഓടെ തൊടുപുഴ വൈദ്യുതി ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ജില്ല കലക്‌ടർ ഷീബ ജോർജ്, ആർഡിഒ എം.കെ ഷാജി, ഡെപ്യൂട്ടി കലക്‌ടർ ജോളി ജോസഫ്, മുൻ എം.പി ജോയ്സ് ജോർജ്, സി.വി വർഗീസ്, കെ.കെ ജയചന്ദ്രൻ തുടങ്ങിയവർ തൊടുപുഴ ജില്ല ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കൃഷിമന്ത്രി പി.പ്രസാദ് തൊടുപുഴ വൈദ്യുതി ശ്‌മശാനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
അപകടം നടന്നത് പുലർച്ചെ : ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ മലയിൽ നിന്ന് ഉരുൾപൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി വീട് പൂർണമായും തകർന്നു. അപകടം നടന്നത് പുലർച്ചെയായത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി. ആദ്യഘട്ടത്തിൽ ടോർച്ചുമായി നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസും മൂലമറ്റത്ത് നിന്ന് അഗ്നരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു : കല്ലും മണ്ണും കുത്തിയൊലിച്ചെത്തി പ്രദേശമാകെ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്‌തത്. ദുരന്തസ്ഥലത്തെത്തിയ റവന്യൂ മന്ത്രി കെ.രാജന്‍റെ നിർദേശപ്രകാരം തകർന്ന വീടിന് താഴെയുള്ള അഞ്ച് കുടുംബങ്ങളെ സുരക്ഷിതമായി കുടയത്തൂർ ന്യൂ ഗവ. എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Also Read: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു