ഇടുക്കി: ജില്ലയിലെ ജലസംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടും തുടർനടപടികളുണ്ടാകുന്നില്ല. മുന്‍ കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടന്നിരുന്നെങ്കിലും പിന്നീട് തുടർ നടപടികളുണ്ടായില്ല. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.
വിവിധ ജലസംഭരണികളിലായി ലക്ഷക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്. 2018 ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തിയാണ് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയത്.പിന്നീട് കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.
മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണവസ്‌തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ് നിര്‍മാണത്തിന് വേണ്ടുന്ന മണല്‍ എത്തിക്കുന്നതെന്നും പൊതുപ്രവർത്തകനായ ജോൺസൻ പറഞ്ഞു. മണല്‍വാരല്‍ അവസാനിച്ചതോടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ കടവുകളില്‍ മണല്‍വാരി ഉപജീവനം നയിച്ചിരുന്ന അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്നും മണല്‍വാരല്‍ പുനരാരംഭിച്ച് മുമ്പോട്ട് പോയാല്‍ സര്‍ക്കാര്‍ ഖജനാവിലും മെച്ചപ്പെട്ട തുക വരുമാനമായി എത്തുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.