ഇടുക്കി: തകര്‍ന്ന് കിടക്കുന്ന കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-മുതുവാന്‍കുടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശിയപാത 185ല്‍ കല്ലാര്‍കുട്ടിയില്‍ നിന്നാരംഭിച്ച് വെള്ളത്തൂവല്‍, മുതുവാന്‍കുടി, ബൈസണ്‍വാലി വഴി ദേശിയപാത 85മായി സംഗമിക്കുന്ന ജില്ലയിലെ പ്രഖ്യാപിത ഹൈവേയാണ് ഇത്. ഈ പാതയുടെ ഭാഗമായുള്ള കല്ലാര്‍കുട്ടി മുതല്‍ മുതുവാന്‍കുടി വരെയുള്ള ഭാഗമാണ് ഗതാഗതം ദുഷ്‌കരമാകുന്ന വിധത്തില്‍ തകര്‍ന്ന് കിടക്കുന്നത്. പാതയുടെ നിര്‍മാണം സംബന്ധിച്ച് പ്രഖ്യാപനം വന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നിര്‍മാണ ജോലികള്‍ക്കായി കൊണ്ടിറക്കിയ സാമഗ്രികള്‍ തിരികെ കയറ്റി കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്. റോഡിന്‍റെ ചില ഭാഗങ്ങളില്‍ മുമ്പ് നിര്‍മാണ പ്രവൃത്തി നടത്തിയിരുന്നെങ്കിലും അടുത്ത നാളിലെങ്ങും റോഡില്‍ യാതൊരു വിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ മുഖം തിരിക്കുന്നതായും വേനല്‍ കനത്തതോടെ തകര്‍ന്ന് കിടക്കുന്ന റോഡില്‍ പൊടി ശല്യം രൂക്ഷമാണെന്നും സമീപവാസികള്‍ പറഞ്ഞു. 2018ലെ പ്രളയത്തില്‍ പാതയുടെ പല ഭാഗത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടിടങ്ങളില്‍ പുനര്‍ നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. പാതയോരത്ത് കൊണ്ടിറക്കിയ സാധന സാമഗ്രികള്‍ തിരികെ കയറ്റി കൊണ്ടു പോകുന്ന നടപടി അവസാനിപ്പിക്കണമെന്നും റോഡ് നിര്‍മാണം ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.