ഇടുക്കി: മൂന്നാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓഫീസ് കുത്തിതുറന്ന് മോഷണം നടന്നതിന് പിന്നാലെ ഗ്രഹാംസ് ലാന്‍ഡ് പാര്‍വ്വതിയമ്മന്‍ ക്ഷേത്രത്തിലും സമീപത്തെ പെട്ടിക്കടയിലും മോഷണം. ക്ഷേത്ര കവാടത്തിൻ്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. എണ്ണായിരത്തോളം രൂപ മോഷ്ടിക്കപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കിണ്ടിയുള്‍പ്പെടെയുള്ള പാത്രങ്ങള്‍ കവര്‍ന്നെങ്കിലും സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ക്ഷേത്ര ദര്‍ശനത്തിന് എത്തിയവരാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്.
മോഷണം നടത്തിയവര്‍ ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടുള്ളതായി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നും 2000 രൂപയും 3000 രൂപയുടെ സിഗററ്റും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നാറില്‍ മോഷണം വ്യാപകമാകുന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.