ഇടുക്കി: കട്ടപ്പന വി.റ്റി പടിയിലെ ഉരുൾപൊട്ടലിന് കാരണം പാറമടകളാണന്ന് നാട്ടുകാർ. കഴിഞ്ഞ മാസമാണ് ഇവിടെ ഉരുൾപൊട്ടി ഒരു വീട് പൂർണമായും, നിരവധി വീടുകൾ ഭാഗികമായും തകർന്നത്. പാറമടയുടെ പ്രവർത്തനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ഇതിന്‍റെ ഭാഗമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
സമീപത്തെ പാറമടയിൽ 100 കണക്കിന് ഇലക്ട്രിക് തോട്ടയാണ് ദിവസവും പൊട്ടിക്കുന്നത്. ഇതുമൂലം സമീപത്തെ നിരവധി വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ഉരുൾപൊട്ടുന്നതിന് തലേ ദിവസം രാത്രി പാറമടയിലെ കല്ല് ഇടിഞ്ഞ് വീഴുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു. ഈ പ്രദേശത്ത് രണ്ട് പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഉരുൾപൊട്ടിയതിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ റോഡിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മടങ്ങുകയാണ് ചെയ്‌തതെന്നും ദുരന്തബാധിതരുടെ ബുദ്ധിമുട്ട് നേരിൽ കണ്ട് മനസിലാക്കാൻ ശ്രമിച്ചില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മഴ പെയ്യുമ്പോൾ ഇപ്പോഴും ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കഴിയുന്നത്. മുഖ്യമന്ത്രി മുതൽ നഗരസഭക്ക് വരെ പരാതി നൽകുമെന്നും പാറമടയിൽ നിന്നും ഒരു വാഹനം പോലും കല്ലുമായി പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.