ഇടുക്കി: കാലവർഷം എത്തുന്നതിന് മുൻപ് തവളപ്പാറ നിവാസികളെ മാറ്റി പാര്‍പ്പിക്കണമെന്ന് ആവശ്യം. കഴിഞ്ഞ മൂന്ന് വർഷവും പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് ഭൂഗർഭശാസ്ത്ര വിദഗ്ദർ പരിശോധന നടത്തിയെങ്കിലും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ ശക്തമായ മഴയില്‍ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. വീടുകള്‍ ഉള്‍പ്പെടെ ഏക്കറുകണക്കിന് സ്ഥലമാണ് ഒലിച്ചുപോയത്. പ്രദേശം വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസർ അടക്കം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികളെ മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രദേശത്തെ താമസക്കാരില്‍ ഏറിയ പങ്കും കര്‍ഷകരാണ്. സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തവളപ്പാറ പ്രദേശം ഉരുൾപ്പെട്ടൽ ഭീഷണി നേരിടുവാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷകാലത്തും പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ സംസ്ക്കരിച്ച മൃതദേഹം ഉൾപ്പെടെ ഒഴുകിപ്പോയി. പ്രദേശത്ത് ഉരുൾപ്പൊട്ടൽ ഉണ്ടാകുമ്പോൾ മാത്രം പ്രദേശത്തെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കും. പിന്നീട് ഇവര്‍ തിരിച്ച് വരികയുമാണ് പതിവെന്ന് പ്രദേശവാസിയായ വി.എം പ്രസാദ് പറഞ്ഞു.