ഇടുക്കി: മൂന്നാറില്‍ ആരംഭിച്ച ഹെലികോപ്റ്റര്‍ സര്‍വീസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. മൂന്നാര്‍ ഡി.റ്റി.പി.സിയും ബോബി ചെമ്മണ്ണൂരിന്‍റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് മൂന്നാര്‍ ലോക്കാട് ഗ്രൗണ്ടില്‍ വിനോദസഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസിന് തുടക്കം കുറിച്ചത്. അടിയന്തിര സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ചടങ്ങിൽ അധ്യഷത വഹിച്ചു.
ഫെബ്രുവരി 29 നാണ് സര്‍വീസ് ആരംഭിച്ചത്. ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഏഴ് ദിവസം ലോക്കാട് ഗ്രൗണ്ടില്‍ നിന്നും സന്ദര്‍ശകരെയും കൊണ്ട് ഹെലികോപ്റ്റര്‍ പറന്നു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആകാശകാഴ്‌ച ആസ്വാദിക്കുവാന്‍ സൗകര്യമൊരുക്കിയ ബോബി ചെമ്മണ്ണൂരിന് അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ഒരാള്‍ക്ക് 9500 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിലെത്താൻ ഏകദേശം അരമണിക്കൂർ മാത്രം. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാൻ കഴിയും.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സർവീസ് യാത്രക്കാരുമായി മൂന്നാറിലെത്തും. തുടർന്ന് വൈകുന്നേരം നാല് വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രാദേശിക സര്‍വീസ് നടത്തും. പത്ത് മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ് ഈടാക്കുന്നത്. തേക്കടി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു.