ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കിടപ്പാടമില്ലാത്ത എല്ലാവര്‍ക്കും വീടൊരുക്കുകയെന്നത് സര്‍ക്കാര്‍ നയമാണെന്ന് എംഎല്‍എ പറഞ്ഞു. അടിമാലി, വെള്ളത്തൂവല്‍, ബൈസണ്‍വാലി, കൊന്നത്തടി, പള്ളിവാസല്‍ തുടങ്ങി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി സംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിരുന്നു.
അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലായി 1,165 വീടുകളാണ് ലൈഫുള്‍പ്പെടെയുള്ള ഭവനപദ്ധതികളില്‍പ്പെടുത്തി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ളത്. സംഗമത്തില്‍ പങ്കെടുത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍കാര്‍ഡ് തിരുത്തല്‍, ആധാര്‍ പുതുക്കല്‍, കര്‍ഷക പെന്‍ഷന്‍ അപേക്ഷ സ്വീകരിക്കല്‍, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍, സൗജന്യ വൈദ്യപരിശോധന തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു.