ഇടുക്കി: നാട്ടുകാര്‍ പണംമുടക്കി ആരംഭിച്ച റോഡിന്‍റെ നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം. പൊതു റോഡ് സ്വകാര്യ വ്യക്തിക്ക് മാത്രം ഗുണം ചെയ്യുന്ന രീതിയിലുള്ള നിര്‍മാണത്തിനാണ് എതിരെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കരിമ്പനപ്പടി- കൊട്ടാരംപടി റോഡിന്‍റെ നിര്‍മാണവുമായി ബന്ധപെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തിന്‍റെ അനുമതിയോടെ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നായിരുന്നു ആരോപണം.
എന്നാല്‍ ഭരണ സമിതി യോഗത്തിലെ തീരുമാനം മാത്രമാണ് ഉള്ളതെന്നും നിയമപ്രകാരമുള്ള യാതൊരു അനുമതിയും നിര്‍മാണത്തിനായി നല്‍കിയിട്ടില്ലെന്നും സിപിഎം നെടുങ്കണ്ടം ഈസ്‌റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഡി. ജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയില്ലാതെ റോഡ് നിര്‍മിച്ചാല്‍ ഭാവിയില്‍ പൊതു വഴി സ്വകാര്യ വ്യക്തി കൈവശപെടുത്താന്‍ സാധ്യത ഉണ്ട്. നിലവില്‍ കാല്‍നടയാത്രക്കായി മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. മുമ്പ് തൊഴിലുറപ്പ് പദ്ദതിയില്‍പ്പെടുത്തിയും ഒരു വ്യക്തിക്ക് മാത്രമായി ഈ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. പ്രദേശവാസിയായ വെള്ളാഞ്ചേരി വേണുഗോപാലന്‍ നായര്‍ മുമ്പും വഴിവിട്ട് നല്‍കാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അതിനാലാണ് സെക്രറിയുടെ അനുമതി വേണമെന്ന് അറിയിച്ചതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം മാപ്പ് പറയണമെന്നും സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.