ഇടുക്കി: മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ അപകടക്കെണിയായി മാറിയിരിക്കുകയാണ് മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്‍റിന് താഴ്വശത്തുള്ള വലിയ വളവ്. ദിവസേന നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ സുരക്ഷാ സംവിധാനമൊരുക്കുന്നതിനോ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. അടുത്തെത്തിയാല്‍ മാത്രം തിരിച്ചറിയാന്‍ കഴിയുന്ന വളവില്‍ കൂടുതലായും അപകടത്തില്‍ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ബൈക്ക് അപകടങ്ങള്‍ ഇവിടെ നടന്നു. അപകടങ്ങള്‍ തുടര്‍കഥയായ സാഹചര്യത്തില്‍ വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കുന്നതിന് ഇവിടെ മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയില്ല. അപകടങ്ങള്‍ അടിക്കടി ഉണ്ടായിട്ടും പ്രദേശത്ത് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പോലും അധികൃതര്‍ തയ്യാറാകാത്തത് യാത്രക്കാരിലും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.