ഇടുക്കി: രാജകുമാരി പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻ്റായി. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടിസി ബിനുവാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാരനുമായ പി പി ജോയിയെ പരാജയപ്പെടുത്തി പ്രസിഡന്‍റായത്. ബിനുവിന് ഏഴും, പി പി ജോയിക്ക് ആറും വോട്ടുകളാണ് ലഭിച്ചത്.
13 അംഗങ്ങളുള്ള പഞ്ചായത്തിൽ ടി സി ബിനു ഉൾപ്പെടെ കോൺഗ്രസിന് അഞ്ച്, കേരളാ കോൺഗ്രസ് ജോസ് കെ. മാണി ഒന്ന് , ജോസഫ് ഒന്ന് എന്നിങ്ങിനെ ആയിരുന്നു യുഡിഎഫിൻ്റെ അംഗബലം. എൽഡിഎഫിൽ സിപിഎമ്മിന് ആറ് അംഗങ്ങളാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷം യു ഡി എഫിലെ പി.ടി എൽദോ ആയിരുന്നു പ്രസിഡൻ്റ്. ധാരണ പ്രകാരം രാജിവച്ച് ആറ് മാസം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതിനിധി വർഗീസ് ആറ്റുപുറം പ്രസിഡൻ്റാവുകയായിരുന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനായിരുന്നു ഇനിയുള്ള ഒരു വർഷം പ്രസിഡൻ്റ് സ്ഥാനമെന്നിരിക്കെയാണ് എൽ ഡി എഫുമായുള്ള ധാരണയിൽ ബിനു അട്ടിമറിയിലൂടെ പ്രസിഡൻ്റ് ആയത്. യു ഡി എഫ് ധാരണ അനുസരിച്ച് പി പി ജോയി ആയിരുന്നു യു ഡി എഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി.
.