ഇടുക്കി: ഹൈറേഞ്ചില്‍ കപ്പയുടെ ഉത്പാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.മണ്ണിന്‍റെ വളക്കൂറ് നഷ്ടപ്പെട്ടതിനൊപ്പം കാട്ടുമൃഗ ശല്യമേറിയതോടെ കര്‍ഷകര്‍ കപ്പകൃഷിയില്‍ നിന്നും അകന്നു തുടങ്ങി.കപ്പയുടെ ഉത്പാദനം കുറഞ്ഞതോടെ വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് കപ്പയില്ലാതായി.ഇതോടെ ഉണക്ക കപ്പയും കിട്ടാനില്ല.
ഹൈറേഞ്ചിൽ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലം കപ്പ വിളവെടുപ്പും വാട്ടും ഉണക്കവുമായി ആഘോഷമായിരുന്നു. അധ്വാനത്തിനും വരുമാനത്തിനുമപ്പുറം കൂട്ടായ്മയുടെ വലിയ സന്ദേശം പകര്‍ന്നിരുന്നവയാണ് കപ്പ വാട്ട് സംഘങ്ങള്‍. ഉണക്ക കപ്പക്ക് വിലയുണ്ടെങ്കിലും വാട്ടാനും വിപണിയിലെത്തിക്കാനും കപ്പയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. 80ന് മുകളിലാണിപ്പോള്‍ ഉണക്ക കപ്പയുടെ വിപണി വില.
നാളുകള്‍ക്ക് മുമ്പ് ഉണക്ക കപ്പയുടെ വിലയിലുണ്ടായ ഗണ്യമായ ഇടിവും കപ്പ കൃഷി കുറയാൻ കാരണമായി. ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനമെന്നതിനപ്പുറം അടുത്ത മഴക്കാലത്തേക്കുള്ള കരുതല്‍ ഭക്ഷണം കൂടിയായിരുന്നു ഇടുക്കികാര്‍ക്ക് ഉണക്ക കപ്പ. കപ്പയുടെ ഉത്പാദനം കുറഞ്ഞതോടെ ഉണക്ക കപ്പ പതിയെ ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങുകയാണ്.