ഇടുക്കി: അതിര്‍ത്തിയിലെ സോളാര്‍ ഫെന്‍സിങിനെതിരെ തമിഴ്‌നാട് വനം വകുപ്പ്. ഇടുക്കി അണക്കരമെട്ടില്‍ കാട്ടാന ശല്യം തടയുന്നതിനായി നടപ്പിലാക്കുന്ന സോളാര്‍ ഫെന്‍സിങ് പദ്ധതി തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന ഭൂമി, തമിഴ്‌നാടിന്‍റേതെന്നാണ് വാദം. സ്ഥലം ഉടമയെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തിയെന്നും ആരോപണം.
തമിഴ്‌നാട് വനമേഖലയില്‍ നിന്നും കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ അണക്കരമെട്ട്, പുഷ്‌പകണ്ടം, തേവാരം മെട്ട് പ്രദേശങ്ങളിലേക്ക് കാട്ടാന കൂട്ടം കടക്കുന്നത് തടയുന്നതിനായാണ് സോളാര്‍ ഫെന്‍സിങ് ഒരുക്കുന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി രണ്ട് ഘട്ടമായാണ് ഒരുക്കുന്നത്. തേവാരംമെട്ടില്‍ 1300 മീറ്ററോളം ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നു.
അണക്കരമെട്ടില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. സ്ഥലം ഉടമകളായ ഇളങ്കോവന്‍, സഹോദരന്‍ രാജ്‌മോഹന്‍ എന്നിവരെ ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തിയതായും ആരോപണമുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും മാറി, കേരളത്തിന്‍റെ റവന്യു ഭൂമിയിലൂടെയാണ് നിര്‍മാണം നടക്കുന്നത്.
കര്‍ഷകരുടെ സമ്മത പത്രം വാങ്ങിയാണ് നിര്‍മാണം. 60 വര്‍ഷത്തിലധികമായി പാറതോട് വില്ലേജില്‍ ഉള്‍പ്പെടുന്ന ഇളങ്കോവന്‍റെ കുടുംബ വകയായി കൈവശം ഉള്ള ഭൂമിയാണിത്. കാലങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയ്ക്ക്, തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ ആശങ്കയിലാണ് കര്‍ഷകര്‍.
വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാന കൂട്ടം, അണക്കരമെട്ടിലെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നത് പതിവാണ്. മേഖലയില്‍ 1600 മീറ്റര്‍ ദൂരത്തില്‍ ഫെന്‍സിങ് ഒരുക്കാനാണ് പദ്ധതി.